പാലക്കാട്: വാളയാറിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി എ.കെ ബാലൻ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിഇൽ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രിയോടാണ് മന്ത്രി എകെ ബാലൻ അന്വേഷിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. നീതി തേടി വീട്ടിൽ സത്യാഗ്രഹം ആരംഭിച്ച കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ കേസിലെ മുഴുവൻ പ്രതികളേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണം. പാർട്ടിക്കാരാണ് പ്രതികൾ . ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സോജൻ തന്നെയാണ് കേസ് അട്ടിമറിച്ചതെന്നും പ്രതികൾ സിപിഎം നേതാക്കളായത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. ഈയൊരവസ്ഥയിൽ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

