തെന്നിന്ത്യൻ സിനിമ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റര്‍ 2 പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ആരാധകരും. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും റോക്കി ഭായിയുടെ ഗംഭീര പ്രകടനം മികവുറ്റതാണെന്ന് തരത്തിലെ പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നുംലഭിച്ചത്.
ആദ്യപ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന കാര്യം. ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ യാഷിന് സാധിച്ചു. ഓരോ നിമിഷവും ആസ്വദിച്ചു, തിയേറ്റിൽ നിന്നുതന്നെ സിനിമ കാണണമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതികരിക്കുന്നത്.
കണ്ണിമ ചിമ്മാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയ്‍ക്കിംഗ് തന്നെയാണ് ‘കെജിഎഫ്‍: ചാപ്റ്റര്‍ രണ്ടി’ന്റെ എടുത്തു പറയേണ്ട ആകർഷണം. ‘റോക്കി ഭായി‘യായി ഇക്കുറിയും യാഷ് സ്‍ക്രീനില്‍ തീപടര്‍ത്തുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. വീര നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് ഓരോ രംഗങ്ങളിലും.
ഒന്നാം ഭാഗത്തിൽ വീര നായകൻ പരിവേഷത്തിൽ എത്തിയ നായകന്, രണ്ടാം ഭാഗത്തിലെത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന ആരാധകരുടെ സംശയത്തിന്, നല്ലൊരു മറുപടിയാണ് പ്രശാന്ത് നീല്‍ ചാപ്റ്റര്‍ രണ്ടില്‍ നടത്തിയിരിക്കുന്നത്. ഒന്നാം ഭാഗത്തിൽ റോക്കി ഭായ് മാസായിരുന്നെകിൽ, രണ്ടാം ഭാഗത്തിൽ അതിനെ എങ്ങനെ മറികടക്കും എന്ന വെല്ലുവിളികളെ അതിജീവിക്കും വിധമാണ് ഓരോ രംഗങ്ങളും പ്രശാന്ത് നീല്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിന്റെയും ആവേശമാകുന്നു. കാര്യമായ പ്രതീക്ഷകളില്ലാതെയെത്തിയ ചിത്രത്തിന്റെ ഒന്നാം ഭാഗം മലയാളമടക്കമുള്ള ഭാഷകളില്‍ സൂപ്പര്‍ ഹിറ്റായതോടെ യാഷ് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയിരുന്നു.
ആദ്യ ഭാഗത്തില്‍ ‘ഗരുഢ’യെങ്കില്‍ ഇത്തവണ വില്ലൻ ‘അധീര’യാണ്. ‘കെജിഎഫി’ന്റെ നായകനായ ‘റോക്കി ഭായി’ക്ക് നേര്‍ പ്രതിനായകൻ ‘അധീര’യെ മാത്രമല്ല അതിജീവിക്കേണ്ടി വരുന്നത്. രാഷ്‍ട്രീയവും റോക്കി ഭായ്‍യുടെ യാത്രയില്‍ പ്രതിയോഗികളായി എത്തുന്നു. ഇവരെ എങ്ങനെ റോക്കി ഭായി കൈകാര്യം ചെയ്യുന്നുവെന്നതാണ് ചിത്രം പറയുന്നത്.

