Wednesday, December 24, 2025

ഇന്ദിര ഗാന്ധി വധം ആഘോഷിക്കുന്ന ഫ്‌ളോട്ടുമായി ഖാലിസ്ഥാൻ വിഘടനവാദികളുടെ പരേഡ് ; കാനഡയ്ക്ക് കടുത്ത താക്കീതുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഒട്ടാവ : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂല വാദികൾ പരേഡ് നടത്തിയ സംഭവത്തിൽ കാനഡയ്ക്ക് കടുത്ത താക്കീതുമായി ഇന്ത്യ. ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്ന മുന്നറിയിപ്പു നൽകി. ഖലിസ്ഥാൻ അനുകൂല നീക്കങ്ങളെ കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലിലാണ് ജയശങ്കറിന്റെ രൂക്ഷ വിമർശനം. ഇന്ദിര ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകരുടെയും ഫ്ലോട്ടുകൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

‘‘സത്യത്തിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയല്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്ക് സ്വാതന്ത്ര്യവും അവസരവും നൽകുന്നതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് ഞാൻ കരുതുന്നു. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനിത് നല്ലതല്ല. കാനഡയ്ക്കും ഒട്ടും നല്ലതിനല്ല’ – ജയശങ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. 1984 ജൂൺ ഒന്നിന് ആരംഭിച്ച ഓപ്പറേഷൻ അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂൺ ആറിനാണ് അവസാനിച്ചത്. ഇതിന്റെ പ്രതികാരമായാണ് ഇന്ദിര ഗാന്ധിയെ വധിച്ചതെന്ന ആശയം പ്രകടമാക്കുന്ന രീതിയിലായിരുന്നു പരേഡിലെ ഫ്ലോട്ട് അണിയിച്ചൊരുക്കിയിരുന്നത്.

സംഭവത്തിൽ അതൃപ്തി അറിയിച്ച് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’യ്ക്ക് കത്ത് നൽകിയിരുന്നു. ഇന്ത്യയിലെ കാനഡ സ്ഥാനപതി കാമറോൺ മക്കേ, പരേഡിനെ അപലപിച്ച് രംഗത്തെത്തി. വിദ്വേഷത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും കാനഡയിൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles