Saturday, May 18, 2024
spot_img

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്; സ്റ്റീവ് സ്മിത്തിനും സെഞ്ചുറി ; പിടിമുറുക്കി ഓസ്ട്രേലിയ

ലണ്ടൻ; ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡിനു പിന്നാലെ സ്റ്റീവ് സ്മിത്തിനും സെഞ്ചുറി. 229 പന്തുകളിൽ നിന്നാണ് സ്മിത്ത് തന്റെ 31–ാം ടെസ്റ്റ് സെഞ്ചുറി അടിച്ചെടുത്തത്. രണ്ടാം ദിവസം കളി തുടരുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെന്ന ശക്തമായ നിലയിലാണ് ഓസ്ട്രേലിയ. ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

ഫൈനൽ പോരാട്ടത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി കളി നീങ്ങിയെങ്കിലും പിന്നീട് പതിയെ ഓസ്ട്രേലിയ കളി നിയന്ത്രണത്തിലാക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് (146 നോട്ടൗട്ട് ) നയിച്ചപ്പോ‍ൾ ഒന്നാം ദിനം ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് നേടിയത്. 95 റൺസാണ് ആദ്യ ദിനം സ്റ്റീവ് സ്മിത്ത് സ്വന്തം പേരിൽ കുറിച്ചിരുന്നത്. മത്സരത്തിലെ നാലാം ഓവറിലെ 4–ാം പന്തിൽ തന്നെ ഓപ്പണർ ഉസ്മാൻ ഖവാജയെ (0) പുറത്താക്കിയ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കു സ്വപ്നസമാനമായ തുടക്കമാണ് നൽകിയത്.

ആദ്യ സെഷൻ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഒരറ്റത്ത് പിടിച്ചു നിന്ന വാ‍ർണറെ പുറത്താക്കി ഷാർദൂൽ ഠാക്കൂർ ഇന്ത്യയ്ക്ക് ആധിപത്യം നൽകി. 2ന് 73 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വൈകാതെ മാർനസ് ലബുഷെയ്നെയും (26) നഷ്ടമായതോടെ ഇന്ത്യൻ ആരാധകർ ആഘോഷത്തിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടു വന്നു.

രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ 97 റൺസ് കൂട്ടിച്ചേർത്ത ഓസ്ട്രേലിയ, മൂന്നാം സെഷനിൽ ആഞ്ഞടിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം ഒരു ഘട്ടത്തിൽ 6നു മുകളിൽ ഓസ്ട്രേലിയയുടെ റൺ റേറ്റ് ഉയർത്തി.

Related Articles

Latest Articles