ധർമശാല: ഹിമാചൽ പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ ഖാലിസ്ഥാൻ പതാക കെട്ടിയ നിലയിൽ. ചുവരിൽ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോ പുലർച്ചയോ ആകാം ഇത് ചെയ്‌തെന്നാണ് പോലീസ് നിഗമനം. ഹിമാചൽ പ്രാദേശിന് രണ്ട് തലസ്ഥാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ രണ്ട് നിയമ സഭാ മന്ദിരങ്ങളുമുണ്ട്. ഉഷ്ണകാലത്ത് ഷിംലയിലും ശൈത്യകാലത്ത് ധർമ്മശാലയിലുമാണ് സംസ്ഥാന തലസ്ഥാനം. ധർമ്മശാലയിലെ നിയമസഭാ മന്ദിരത്തിലാണ് നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്റെ പതാകകൾ കെട്ടിയത്. ശൈത്യകാല സമ്മേളനങ്ങൾ മാത്രമാണ് ഇവിടെ നടക്കാറുള്ളത് എന്നത്കൊണ്ട് സുരക്ഷാ സംവിധാനങ്ങൾ കർശനമായിരുന്നില്ല. സ്ഥലം സന്ദർശിച്ച വിനോദസഞ്ചാരികളിൽ ചിലരാണ് ഇത് ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇതൊരു മുന്നറിയിപ്പായി കാണുന്നുവെന്നും നിയമസഭാ മന്ദിരത്തിന് സുരക്ഷ വർധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
എൺപതുകളിൽ ഇന്ത്യയിൽ സജീവമായിരുന്ന തീവ്രവാദ പ്രസ്ഥാനമാണ് ഖാലിസ്ഥാൻ. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബുകളെ മോചിപ്പിച്ച് പ്രത്യേക രാഷ്ട്രമുണ്ടാക്കുകയാണ് ലക്‌ഷ്യം. ഒരു പതിറ്റാണ്ടിനു ശേഷം തനിയെ അസ്തമിച്ചുപോയ ഭീകര സംഘടന പലപ്പോഴും തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു. അടുത്തിടെ നടന്ന കർഷക സമരങ്ങളിലും, പ്രധാനമന്ത്രിയെ പഞ്ചാബിൽ വഴിയിൽ തടഞ്ഞ സംഭവത്തിലും സുരക്ഷാ ഏജൻസികൾ ഖാലിസ്ഥാൻ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൻതോതിൽ ആയുധശേഖരവുമായി ഏതാനും ഭീകരരെ കഴിഞ്ഞ ദിവസവും ദില്ലിയിൽ പിടികൂടിയിരുന്നു. കശ്മീരിലെ ഭീകരരുമായി ചേർന്ന് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖാലിസ്ഥാൻ വിദേശത്തുനിന്നും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

