Sunday, May 12, 2024
spot_img

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ വാദം നാളെ

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും. ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കൊട്ടാരക്കര ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക.

നവംബര്‍ 27നായിരുന്നു കൊല്ലം ഓയൂര്‍ ഒട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഒന്നാം പ്രതി കെ ആര്‍ പത്മകുമാര്‍ , ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പിന്നാലെ തന്റെ പഠനം തുടരാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി എന്‍ വിനോദ് വാദം നാളത്തേക്ക് മാറ്റിയത്. കസ്റ്റഡി വിചാരണയ്ക്ക് പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ജി മുണ്ടയ്ക്കലാണ് ഹാജരായത്. പൂയപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം തുടര്‍ അന്വേഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Related Articles

Latest Articles