Wednesday, May 15, 2024
spot_img

സിഐയും എസ്ഐയും സൈനികനേയും സഹോദരനെയും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി ചൂരലുപയോഗിച്ച് മർദ്ദിച്ചു; റൈറ്റർ പ്രകാശചന്ദ്രൻ ഡ്യൂട്ടി ചെയ്തത് മദ്യപിച്ച് ലക്കുകെട്ട്; കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനക്കേസ്സിൽ പൊലീസിന് കുരുക്കായി വനിതാ എസ് ഐ യുടെ മൊഴി പുറത്ത്

കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനേയും സഹോദരനെയും ലോക്കപ്പിൽ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസ് ചാർജ് ചെയ്ത് റിമാൻഡ് ചെയ്ത കേസിൽ പോലീസിന്റെ ന്യായീകരണങ്ങൾ എല്ലാം പാഴാകുന്നു. പരാതി പറയാനെത്തിയ സൈനികനേയും സഹോദരനെയും എസ്ഐയും സിഐയും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി ചൂരലുപയോഗിച്ച് മർദ്ദിച്ചതായും റൈറ്റർ പ്രകാശചന്ദ്രൻ അന്ന് ഡ്യൂട്ടി ചെയ്തിരുന്നത് മദ്യപിച്ച് ലക്ക് കെട്ടാണെന്നും വനിതാ എസ് ഐയുടെ മൊഴി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്.ഐ സ്വാതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.

എസ്.ഐയും സി.ഐയും സഹോദരങ്ങളെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ സ്‌റ്റേഷനിലെ ബഹളം കേട്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരും ബലംപ്രയോഗിച്ച് സഹോദരങ്ങളെ കീഴടക്കി കൈയിലുള്ള ചൂരല്‍ ഉപയോഗിച്ച് തല്ലിയെന്നാണ് സ്വാതിയുടെ മൊഴിയില്‍ പറയുന്നത്. റെറ്ററായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് സഹോദരങ്ങള്‍ സ്‌റ്റേഷനിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ പ്രതികള്‍ സ്റ്റേഷനില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്ന പോലീസ് വാദവും ഇതോടെ പൊളിഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സൈനികനും സഹോദരനും സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു എന്ന് വാദിക്കാനായി പോലീസ് തന്നെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലും പോലീസ് വില്ലൻ സ്ഥാനത്തായിരുന്നു. സൈനികന് പോലീസ് സ്റ്റേഷനിൽ ഉണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ ഇന്നലെ കിളികൊല്ലൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Related Articles

Latest Articles