റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) യാണ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നേരത്തെ മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തിരുന്നു. സഞ്ജീവ് ലാലിനേയും ഇയാളുടെ സഹായി ജഹാംഗീർ ആലത്തെയും കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റിലായിരുന്നു. കേസിൽ ആലംഗീർ ആലത്തെ ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട ഫ്ലാറ്റിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 32 കോടി രൂപയാണ് ഇ.ഡി പിടികൂടിയത്. പിടിച്ചെടുത്ത പണം 2 ദിവസമെടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയത്. ഗ്രാമവികസന വകുപ്പിലെ കരാർ അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണമാണു മന്ത്രിയുടെ സെക്രട്ടറിയിലേക്ക് എത്തിയത്. ഫ്ലാറ്റിലെ 2 മുറികളിലായി ഒളിപ്പിച്ചു വച്ചിരുന്ന 500 രൂപ നോട്ടുകെട്ടുകളാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.
ഗാഡിഖാന ചൗക്കിലെ മറ്റൊരു ഫ്ലാറ്റിൽ നിന്നു 3 കോടി രൂപയും കണ്ടെടുത്തിരുന്നു.
കൈക്കൂലിക്കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിന്റെ ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണു മന്ത്രിയിലേക്ക് എത്തിയത്. റാമിന്റെ 39 കോടിയുടെ സ്വത്ത് അന്വേഷണ ഏജൻസി കണ്ടുകെട്ടിയിരുന്നു.

