Thursday, December 18, 2025

കോൺഗ്രസിൽ സത്യസന്ധർക്ക് സ്ഥാനമില്ല !ബിജെപിയിൽ ചേർന്ന് കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ; അംഗത്വം സ്വീകരിച്ചത് മനോഹർ ലാൽ ഖട്ടറിന്റെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ

ചണ്ഡിഗഡ് : കോൺഗ്രസ്‌ വിട്ട കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. മുൻ ഹരിയാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറിന്റെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്. ഹരിയാന കോൺഗ്രസിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കാണു മുൻഗണന നൽകുന്നതെന്നും തന്നെപ്പോലുള്ള സത്യസന്ധരുടെ ശബ്ദത്തിന് ഇടമില്ലെന്നും ആരോപിച്ചാണ് കോൺഗ്രസിൽനിന്ന് കിരൺ രാജിവച്ചത്. മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാലിന്റെ മരുമകളാണ് കിരൺ ചൗധരി. ഭിവാനിയിലെ തോഷം മണ്ഡലത്തിലെ നിയമസഭാ അംഗമായിരുന്നു. കോൺഗ്രസിന്റെ ഹരിയാന യൂണിറ്റ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു ശ്രുതി ചൗധരി.

‘‘ കോൺഗ്രസിന്റെ അർപ്പണബോധമുള്ള പ്രവർത്തകയായിരുന്നു ഞാൻ. എന്റെ ജീവിതം കോൺഗ്രസിന് സമർപ്പിച്ചു. പക്ഷേ കുറച്ചു വർഷങ്ങളായി ഹരിയാന കോൺഗ്രസ് വ്യക്തികേന്ദ്രീകൃത പാർട്ടിയായി മാറുന്നത് ഞാൻ കണ്ടു. എന്റെ പ്രവർത്തകർക്ക് തുല്യനീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ ചുവട് എടുക്കുന്നത്. ഈ തീരുമാനമെടുക്കുന്നതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണു പ്രധാനമന്ത്രി. ലോകത്തിന് മുന്നിൽ ഇന്ത്യ തിളങ്ങുമെന്ന് നല്ല ഉറപ്പുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജനക്ഷേമ പരിപാടികളാണു മൂന്നാം തവണയും അവരെ അധികാരത്തിലെത്തിച്ചത്’’– അംഗത്വം സ്വീകരിച്ച ശേഷം കിരൺ പറഞ്ഞു.

രാജ്യത്തിന്റെ ക്ഷേമത്തിനും ഇന്ത്യ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുന്നതിനും വേണ്ടി ചരിത്രപരമായ തീരുമാനങ്ങളെടുക്കുന്ന പ്രധാനമന്ത്രിയാണ് തന്റെ പ്രചോദനം എന്നായിരുന്നു ശ്രുതി ചൗധരിയുടെ പ്രതികരണം.

Related Articles

Latest Articles