Monday, January 5, 2026

കിഴക്കമ്പലം അക്രമം: അന്യ സംസ്ഥാന തൊഴിലാളികള്‍ തലങ്ങും വിലങ്ങും ആക്രമിച്ചു, പോലീസുകാര്‍ ജീവനും കൊണ്ട്‌ പാഞ്ഞത്‌ രണ്ടു കിലോമീറ്റര്‍

കൊച്ചി: കിഴക്കമ്പലത്ത്‌ അന്യ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണത്തിൽ കിറ്റെക്‌സ്‌ കമ്പനി തൊഴിലാളികളുടെ ഏറ്റുമുട്ടല്‍ തടയാനെത്തിയ പോലീസ്‌ ജീവനുംകൊണ്ട്‌ ഓടിയത്‌ രണ്ടു കിലോമീറ്ററോളം. കുന്നത്തുനാട്‌ പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറെയും മറ്റുള്ളവരെയും അന്യ സംസ്ഥാന തൊഴിലാളികള്‍ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. പട്ടികകൊണ്ടായിരുന്നു അടി.
പരുക്കേറ്റവര്‍ക്ക്‌ തലയ്‌ക്കു പിന്നില്‍ നിരവധി തുന്നലുകളാണ്‌. അടി തടഞ്ഞ പോലീസുകാരുടെ വിരലുകള്‍ ഒടിഞ്ഞുതൂങ്ങി. എല്ലുകള്‍ പൊട്ടി. കല്ലേറില്‍ ദേഹം ചതഞ്ഞുവീങ്ങി. ജീപ്പില്‍നിന്ന്‌ ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ അതിഥി തൊഴിലാളികള്‍ പിന്നാലെയെത്തി പായിച്ചു. പോലീസ്‌ ഓടി. പിന്നാലെ അക്രമിസംഘവും.

തോക്ക്‌ ഉണ്ടായിരുന്നുവെങ്കില്‍ ആകാശത്തേക്ക്‌ വെടിയുതിര്‍ത്ത്‌ തൊഴിലാളികളെ പിന്തിരിപ്പിക്കാമായിരുന്നുവെന്നാണു പോലീസുകാര്‍ പറയുന്നത്‌. അക്രമികളെ എല്ലാവരെയും തിരിച്ചറിഞ്ഞു. പേരുവിവരങ്ങളും മറ്റും കൃത്യമായി ശേഖരിക്കാനും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ അവ വ്യക്‌തമായി ചേര്‍ക്കാനുമായി സമീപ സ്‌റ്റേഷനുകളില്‍നിന്ന്‌ പോലീസുകാരെ ഇന്നലെ വിളിച്ചുവരുത്തി. പ്രതികളുടെ എണ്ണം കൂടുതലുള്ളതും പോലീസിന്‌ തലവേദനയാണ്‌. ഇവരെ വിവിധ ആശുപ്രതിയില്‍ കൊണ്ടുപോയി ശരീരപരിശോധന നടത്തിയാണ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. വിവിധ സ്‌റ്റേഷനുകളില്‍ എത്തിച്ചായിരുന്നു ചോദ്യംചെയ്യല്‍.

കോലഞ്ചേരി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികള്‍ വലിയ പ്രതിഷേധമുയര്‍ത്തി. ഇതും പോലീസിന്‌ തലവേദന സൃഷ്‌ടിച്ചു. നിയമസഹായ അതോറിറ്റിയുടെ അഭിഭാഷകനാണു പ്രതികള്‍ക്കുവേണ്ടി ഹാജരായത്‌. പ്രതികളെ ഇന്നലെ വൈകിട്ടോടെ കാക്കനാട്‌, മൂവാറ്റുപുഴ, വിയ്യൂര്‍ ജയിലുകളിലേക്കു മാറ്റി.

Related Articles

Latest Articles