Sunday, June 2, 2024
spot_img

വെട്ടിച്ചത് ലക്ഷങ്ങള്‍; ചട്ടവിരുദ്ധമായി വീട് നിർമ്മാണം; കെഎം ഷാജി എംഎല്‍എയുടെ ഭാര്യയ്ക്ക് കോർപറേഷന്‍റെ നോട്ടീസ്; ഡിസംബർ 17ന് ഹാജരാകണം

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷന്‍ നോട്ടീസ് അയച്ചു. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ആശയുടെ പേരിലാണ് ഭൂമിയുളളത്. അതുകൊണ്ടു തന്നെ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകേണ്ടി വരും. ഡിസംബർ 17ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഇതേ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇന്നലെ എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വച്ചാണ് മൊഴിയെടുത്തത്. കെഎം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതിയുടെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎക്ക് എതിരെയും പരാതി ഉയർന്നിരിക്കുന്നത്.

കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐഎൻഎൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. അതേസമയം രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles