Wednesday, January 7, 2026

കൊല്ലൂർ മൂകാംബികയുടെ അതേ ശക്തിയും ചൈതന്യവും ഉള്ള ദേവിയും ക്ഷേത്രവും;അറിയാം കഥയും വിശ്വാസങ്ങളും

കൊല്ലൂർ മൂകാംബികയുടെ ശക്തിയും ചൈതന്യവും അതേപടി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് എറണാകുളം നോർത്ത് പറവൂരിൽ സ്ഥിതി ചെയ്യുന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ കൂടുതലും വിജയദശമി നാളിലാണ് ആളുകൾ എത്തുന്നത്. കൊല്ലൂർ വരെ പോകുവാൻ സാധിക്കാത്തവര്‌ ഇവിടെയെത്തി മൂകാംബികയെ തൊഴുത് ആഗ്രഹസാഫല്യം വരുത്തുന്നു.നിർമ്മിതിയിലും രൂപത്തിലും പല സവിശേഷതകളും പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന് അവകാശപ്പെടുവാൻ സാധിക്കും. അതിലൊന്നാണ് ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ദേവിയുടെ ശ്രീകോവിൽ ഒരു ചെറിയ താമരക്കുളത്തിന് നടുവിലായാണുള്ളത്. നാലുചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ശ്രീകോവിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്.

ശ്രീകോവിനിനു ചുറ്റുമായി, വെള്ളത്തിനു മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന നടപ്പാത വഴിയാണ് ദേവിയെ പ്രദക്ഷിണം വയ്ക്കുന്നത്. ഈ വെള്ളം കൊല്ലൂരിലെ സൗപർണ്ണിക നദിയാണെന്നാണ് വിശ്വാസസങ്കല്പം.വര്‍ഷത്തിലേതു ദിവസവും വിദ്യാരംഭം കുറിക്കുവാൻ സാധിക്കുന്ന സവിശേഷമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.നവരാത്രി നാളുകളിലെ വിദ്യാരംഭത്തിന് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദൂരദേശങ്ങളിൽ നിന്നുപോലും കുട്ടികളെ എഴുത്തിനിരുത്തുവാൻ ആളുകള് ഈ ക്ഷേത്രത്തിലെത്തുന്നു. വിദ്യയിൽ ഉയർച്ചയുണ്ടാകുവാനും കലാരംഗത്ത് ശോഭിക്കുവാനുമെല്ലാം ഇവിടെയെത്തി പ്രാർഥിക്കുന്നവരുണ്ട്.ക്ഷേത്രത്തിലെ കഷായ നിവേദ്യവും ത്രിമധുരവും കഴിച്ചാൽ വിദ്യാഗുണം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പതിനാറുതരം പച്ചമരുന്നുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഇവിടുത്തെ കഷായ നേദ്യം വാക്കിൽ വ്യക്തത കൈവരാനും വിദ്യാഭിവൃദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.പരീക്ഷകൾക്കും മറ്റും മുൻപായി വിദ്യാർത്ഥികൾ ഇവിടെയെത്തി പ്രാർത്ഥിക്കാറുണ്ട്. ദേവിയുടെ മുന്നിൽ സംഗീതാർച്ചന നടത്തുന്നത് വിശേഷമായാണ് വിശ്വാസികൾ കരുതുന്നത്.

Related Articles

Latest Articles