Sunday, December 21, 2025

മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ ആഹ്വാനം നെഞ്ചിലേറ്റി കൊച്ചി കാന്റ് ബ്രീത്തും, കാക്കനാട് നാട്ടുനന്മ ജൈവ കർഷകരും.! കൊച്ചി ഇൻഫോപാർക്കിലേക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു ; കേന്ദ്ര സർക്കാരിന്റെ “സ്വച്ഛതാ ഹി സേവാ” പദ്ധതിക്ക് വൻ ജന പിന്തുണ

മഹാത്മ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് മൻ കി ബാത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റി കൊച്ചി കാന്റ് ബ്രീത്തും, കാക്കനാട് നാട്ടുനന്മ ജൈവ കർഷകരും. ഒക്ടോബർ 1, 2 തീയതികളിലായി നടന്നു വന്ന കേന്ദ്ര സർക്കാരിന്റെ “സ്വച്ഛതാ ഹി സേവാ” എന്ന ശുചിത്വ പദ്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊച്ചി കാന്റ് ബ്രീത്ത് എന്ന സംഘടനയും കാക്കനാട് പഞ്ചായത്ത് LP സ്കൂളിൽ കഴിഞ്ഞ 7 വർഷത്തിൽ അധികമായി നടന്നുവരുന്ന നാട്ടുനന്മ ജൈവ കർഷക കൂട്ടായ്‌മയിലെ കർഷകരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ഇൻഫോപാർക്ക് ജീവനക്കാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും, മദ്യകുപ്പികളും, മാസ്കുകളും മറ്റും അടിഞ്ഞു കൂടി ഓടകൾ മൂടിക്കിടന്നത് മൂലം റോഡിന്റെ രണ്ടു ഭാഗങ്ങളിലും വെള്ളക്കെട്ട് ഉയർന്ന നിലയിലായിരുന്നു. നാട്ടുനന്മ കർഷകരും, കൊച്ചി കാന്റ് ബ്രീത്ത് പ്രവർത്തകരും നന്മ24 കൂട്ടായ്മയും ഒരുമിച്ചു ചേർന്ന് നടത്തിയ കൂട്ടായ ശുചീകരണ പ്രവർത്തനത്തിലൂടെ ഇത് പരിഹരിക്കപ്പെട്ടു. സ്ഥലത്തെ കാടും പ്രവർത്തകർ വെട്ടിത്തെളിച്ചു. വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കരുതെന്ന് പ്രവർത്തകർ ഇൻഫോപാർക്ക് ജീവനക്കാരോട് അപേക്ഷിച്ചു.

പട്ടിണി പരുവങ്ങളാണെങ്കിലും, ഞങ്ങളുടെ വിളകൾക്ക് വില കിട്ടുന്നില്ല എങ്കിലും കർഷകരായ ഞങ്ങൾക്ക് സമൂഹത്തോട് ഒരു കൂറുണ്ട് എന്ന് നാട്ടുനന്മ കർഷക കൂട്ടായ്മയിലെ ഏറ്റവും പ്രായം ചെന്ന കർഷകനായ എം.എ ബേബി അഭിപ്രായപ്പെട്ടു.

50,000 ത്തിൽ അധികം ജീവനക്കാർ ജോലിചെയ്യുന്ന ഇൻഫോപാർക്കിലേക്കുള്ള വഴിയിൽ സ്ലാബുകൾ ഇളകി കിടന്നത് നന്നാക്കാനോ, ആ വഴി വൃത്തിയായി വയ്ക്കാനോ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ അതും ഞങ്ങൾ ജനങ്ങൾ ഏറ്റെടുത്തു ചെയ്യുമെന്ന് നാട്ടുനന്മയുടെ ട്രഷറർ കൂടെയായ നൗഫൽ മുബാറക് പറഞ്ഞു.

ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ സമൂഹത്തിനോട് കുറച്ചു കൂടി പ്രതിബദ്ധതയുള്ളവരായി മാറണമെന്നും, നാടിനോടുള്ള കൂറും, കടപ്പാടും ജോലിയോട് കാണിക്കുന്നത് പോലെ സമൂഹത്തോടും കാണിയ്ക്കണമെന്നും കൊച്ചി കാന്റ് ബ്രീത്ത് ഭാരവാഹിയും ഇൻഫോപാർക്കിലെ TCS കമ്പനി ജീവനക്കാരനുമായ ഹരിറാം വ്യക്തമാക്കി .

Related Articles

Latest Articles