Saturday, May 11, 2024
spot_img

കോഹ്ലിയുടെ ‘മോട്ടിവേഷൻ’ ഫലിച്ചു;ആർസിബിക്ക് സീസണിലെ ആദ്യജയം

മുംബൈ ∙ വനിതാ പ്രിമിയർ ലീഗിന്റെ പ്രഥമ സീസണിൽ മികച്ച താരനിരയെ ടീമിലെടുത്തിട്ടും തുടർച്ചയായ അഞ്ച് തോൽവികൾ വഴങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ ബാംഗ്ലൂരിനെ വിജയവഴിയിലേക്ക് തിരിച്ചു വിട്ടിരിക്കുകയായാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ‘മോട്ടിവേഷൻ ക്ലാസ്’. സീസണിലെ ആറാം മത്സരത്തിൽ യുപി വാരിയേഴ്സിനെ നേരിടുന്നതിനു മുന്നോടിയായി സ്മൃതി മന്ഥന നയിക്കുന്ന ആർസിബിക്ക് പ്രചോദനം പകരാൻ ആർസിബി പുരുഷ ടീം താരം കൂടിയായ വിരാട് കോഹ്ലി നേരിട്ടെത്തി. ഇതിനു ശേഷം മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ ആർസിബി വനിതകൾ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.

ആർസിബിക്കായി കളത്തിലിറങ്ങിയ മലയാളി താരം ആശാ ശോഭന രണ്ടു വിക്കറ്റെടുത്ത് ചരിത്രം കുറിച്ചത് മലയാളികൾക്കും അഭിമാന നേട്ടമായി. ഇതുവരെയും ഐപിഎൽ കിരീടം നേടാനായിട്ടില്ലെങ്കിലും, ആവേശത്തോടും വിശ്വാസത്തോടും കൂടിയാണ് ഓരോ സീസണിലും ആർസിബിയുടെ പുരുഷ ടീം കളത്തിലിറങ്ങുന്നതെന്ന് വിരാട് കോഹ്ലി, വനിതാ താരങ്ങളോട് പറഞ്ഞു .

കോഹ്ലിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം നെഞ്ചിലേറ്റി കളത്തിലിറങ്ങിയ ആർസിബി വനിതകൾ, അ‍ഞ്ച് വിക്കറ്റിനാണ് തങ്ങളുടെ ആദ്യ വിജയം കുറിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി വാരിയേഴ്സ് 19.3 ഓവറിൽ 135 റൺസിന് ആൾ ഔട്ടായി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. എലിസ് പെറി മൂന്നും സോഫി ഡിവൈൻ രണ്ടു വിക്കറ്റും വീഴ്ത്തി. ‌‌

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന വീണ്ടും നിരാശപ്പെടുത്തിയെങ്കിലും, രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യത്തിലെത്തി.

Related Articles

Latest Articles