Friday, December 26, 2025

വീട്ടിൽ നിന്നും പതിനാല് കാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്; ക്വട്ടേഷൻ നൽകിയത് മാർത്താണ്ഡം സ്വദേശി, പിന്നിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കം

കൊല്ലം: വീട്ടിൽ നിന്നും പതിനാലുകാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കുട്ടിയെ കടത്താൻ ഒരു ലക്ഷം രൂപയാണ് ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തട്ടിക്കൊണ്ടുപോകലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മാർത്താണ്ഡം സ്വദേശിയാണ് ക്വട്ടേഷൻ നൽകിയത്. 14 കാരന്റെ ബന്ധുവായ ഇയാൾ ബി ഫാമിന് പഠിക്കുകയാണ്. ഇയാളുടെ പക്കൽ നിന്നും 10 ലക്ഷം രൂപ കുട്ടിയുടെ കുടുംബം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

രണ്ട് കാറുകളിലായി 9 പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ രണ്ട് ദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയെ മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 14 കാരനെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിൽ മാർത്താണ്ഡം സ്വദേശി ബിജുവിനെ പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Latest Articles