Saturday, May 18, 2024
spot_img

‘അധോലോകത്ത്’ പോലീസ് റെയ്ഡ് ! തിരുവനന്തപുരത്ത് എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ പിടിയില്‍

തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് മാരകമയക്കുമരുന്നായ എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ പിടിയില്‍. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

സംഭവത്തിൽ സ്ഥാപന ഉടമയും, ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വെമ്പായം സ്വദേശി ബിനു (37), വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38), തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25), പിരപ്പൻകോട് മീനാറ വിളവീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 2.1 ഗ്രാം എം.ഡി.എം.എ യും, 320 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റ് ഒസിബി പേപ്പറ്റുകളും പോലീസ് പിടിച്ചെടുത്തു. വെമ്പായം കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്സ്.പി ഡി.ശിൽപ്പ ഐ.പി.എസ്സ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തെ ഡാൻസാഫും ടീമും നിരീക്ഷിച്ചു വരികയായിരുന്നു.

റൂറൽ പോലീസ് ലഹരിമാഫിയകൾക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലാകുന്നത്. കഴിഞ്ഞ മാസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വാടക വീടെടുത്ത് ലഹരി വ്യാപാരം നടത്തി വന്നിരുന്ന വൻ സംഘത്തെ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 200 കിലോയിലതികം കഞ്ചാവും പിടിച്ചെടുത്തിരുന്നു.

Related Articles

Latest Articles