കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ വലഞ്ഞ് പോലീസ്. കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് പരിശോധന വ്യാപിപ്പിക്കുന്നത്. ഓരോ പ്രദേശത്തും പോലീസെത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനായി വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എൻ കോളജ് വിദ്യാർത്ഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
പ്രതികൾ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചതായി തെളിഞ്ഞിട്ടും ഇതുവരെ യാതൊരു സൂചനയും ലഭിക്കാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ച വാഹനം ഏതു വിധേനയും കണ്ടെത്താനാണ് ശ്രമം. വീട്ടുകാരോ അവരുമായി ബന്ധമുള്ളവരോ നൽകിയ ക്വട്ടേഷനാണ് സംഭവത്തിനു പിന്നിലെന്നു സംശയിച്ചിരുന്ന പോലീസ്, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയുണ്ടോ എന്ന അന്വേഷണത്തിലാണ്. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ അന്നും അതിന്റെ തൊട്ടടുത്ത ദിവസങ്ങളിലുമെല്ലാം അതേ മേഖലയിൽനിന്ന് കൂടുതൽ കുട്ടികളെ തട്ടിയെടുക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണിത്.

