ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിയോടെ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഭരണകക്ഷിയായ ബി.ആർ.എസ് മൂന്നാം വിജയം ലക്ഷ്യം വെക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി കോൺഗ്രസ് പാർട്ടികളുടെ ശ്രമം.
ബി.ആർ.എസ് നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളുമായ കെ. കവിത ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ദവ് പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുന്‍, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവരും രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
മുൻ ക്രിക്കറ്റ് താരവും ജൂബിലി ഹിൽസ് കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ മുഹമ്മദ് അസറുദ്ദീനും ഹൈദരാബാദില്‍ വോട്ട് ചെയ്തു. ‘സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്മാരുടെയും കടമയാണ്. വോട്ട് ചെയ്യാത്തവർക്ക് ചോദ്യം ചെയ്യാനും അധികാരമില്ല.’– അസറുദ്ദീൻ പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഹൈദരാബാദിലെ ജൂബിലിഹിൽസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എം.എം. കീരവാണി ആവശ്യപ്പെട്ടു.

