പത്തനംതിട്ട: കോന്നി വനമേഖലയില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെപ്റ്റംബറില്‍ വനത്തിനുള്ളില്‍ കാണാതായ ദമ്പതികള്‍ക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉള്‍വനത്തില്‍ തലയോട്ടിയും അസ്ഥികളും ഉള്‍പ്പടെയുള്ളവ കണ്ടെത്തിയത്.
വനത്തില്‍ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാന്‍ പോയ കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്. തുടര്‍ന്ന് ഇരുവരെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് അച്യുതന് ജനുവരി ഒന്നിനാണ് പോലീസില്‍ പരാതി നല്‍കിയത്.
പിന്നാലെ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് വനപാലക സംഘത്തിനൊപ്പം ബുധനാഴ്ച പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങള്‍ കാണാതായ ദമ്പതികളുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

