Thursday, May 16, 2024
spot_img

വിവാദത്തിൽ മറുപടിയുമായി കൂടൽമാണിക്യം ദേവസ്വം; വ്യവസ്ഥകൾ മുൻകൂട്ടി പരസ്യപ്പെടുത്തിയത്; ലംഘിച്ച് പരിപാടി നടത്താനാകില്ലന്ന് ഭരണസമിതി

തൃശൂർ: മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ദേവസ്വം രംഗത്ത്. ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൂടാതെ പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചതെന്നും വ്യവസ്ഥകൾ മുൻകൂട്ടി പരസ്യപ്പെടുത്തിയതാണെന്നും നിലവിലെ ക്ഷേത്ര നിയമങ്ങൾ ലംഘിച്ച് പരിപാടി നടത്താനാകില്ലെന്നും ഭരണസമിതി അറിയിച്ചു.

കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മെനോന്റെ വാക്കുകൾ ഇങ്ങനെ;

”ശ്രീ കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവം ദേശീയ സംഗീത, നൃത്ത, വാദ്യ ഉത്സവമായി 10 ദിവസങ്ങളായി ആഘോഷിച്ചു വരുന്നു. കേരളത്തിനു അകത്ത് നിന്നും പുറത്ത് നിന്നുമായി ഏകദേശം 800ലധികം കലാപ്രതിഭകളുടെ കലാപ്രകടനങ്ങൾ – ക്ഷേത്രത്തിനകത്തെ 12 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് പ്രത്യേകം സജ്ജീകരിച്ച പന്തൽ, കേരളത്തിലെ തന്നെ ഏറ്റവും വലിയ കൂത്തമ്പലം,സന്ധ്യവേല പന്തൽ , കൂലീപനി തീർത്ഥ മണ്ഡപം തുടങ്ങിയ വിവിധ വേദികളിലായാണ് നടത്തുന്നത്. അതിപുരാതനമായ ഈ മഹാക്ഷേത്രത്തിൽ ഏതൊരു ചടങ്ങും, ക്ഷേത്ര അനുഷ്ഠാനങ്ങൾക്ക് വിധേയമായി മാത്രമേ നടത്തി വരാറുള്ളു. അതിനാൽ തന്നെ ഹിന്ദുക്കളായ വ്യക്തികൾക്ക് മാത്രമേ ക്ഷേത്രത്തിനകത്ത് ഏതൊരു ചടങ്ങിനായാലും പ്രവേശനമുള്ളു. നൃത്ത,വാദ്യ, സംഗീത, കഥകളി കലാകാരന്മാർക്കെല്ലാം തന്നെ ഈ വ്യവസ്ഥകൾ ബാധകമാണ്.

ഉത്സവത്തിന് മുന്നോടിയായുള്ള പത്ര പരസ്യത്തിൽ ഈ വിഷയം വ്യക്തമാക്കിയിട്ടുള്ളതാണ്. കലാപരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരന്മാരുടെ അപേക്ഷകൾ ഉത്സവഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിദഗ്ദ സമിതിയാണ് പരിശോധിച്ച് തിരഞ്ഞെടുക്കുന്നത്. ഹൈന്ദവരായ കലാകാരന്മാരെ മാത്രമേ അനുവദിക്കുള്ളു എന്ന നിബന്ധന നിർബന്ധമായും പാലിക്കുന്നതിനാലും, അപേക്ഷയിൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്നതിനാലും, തർക്ക വിഷയമായ അപേക്ഷ പരിഗണിക്കുകയാണ് ഉണ്ടായത്. പതിവ് രീതികൾ അനുസരിച്ച് ഉത്സവത്തിന് ഒരു മാസം മുൻപ് തിരഞ്ഞൈടുക്കപ്പെട്ട കലാപ്രതിഭകളെ വിളിച്ച് വരുത്തി കച്ചീട്ട് വാങ്ങുന്നതിനുള്ള നടപടികൾ എടുത്തപ്പോഴാണ് അവർ ഹിന്ദു അല്ലെന്ന് വെളിപ്പെടുത്തുകയുണ്ടായതും, ആയതിനാൽ സാക്ഷ്യപത്രം നൽകുവാൻ കഴിയില്ലെന്ന് അറിയിച്ചതും.

നിലനിൽക്കുന്ന ക്ഷേത്രാചാരങ്ങളും, അനുഷ്ഠാനങ്ങളും, നിയമങ്ങളും പാലിക്കുവാനും നടപ്പാക്കുവാനും ദേവസ്വത്തിന് ബാധ്യത ഉള്ളതിനാൽ മേൽപറഞ്ഞ അപേക്ഷ വ്യസന പൂർവ്വം നിരാകരിക്കേണ്ടി വന്നു. എന്നാൽ പുരോഗമനപരമായ, കാലോചിതമായ മാറ്റങ്ങൾ ക്ഷേത്രാചാരങ്ങൾക്ക് അധിഷ്ഠിതമായി ഉണ്ടാകുകയാണെങ്കിൽ ആയതിന് സർവ്വാത്മന സ്വാഗതം ചെയ്യുവാൻ ദേവസ്വം തയ്യാറാണ്. 2014 കൂടൽമാണിക്യ ഉത്സവുമായി ബന്ധപ്പെട്ട കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ക്ഷേത്ര മതിലിന് അകത്തു കയറുവാൻ ഇടയാവുകയും, എന്നാൽ അവർ ഒരു ക്രിസ്ത്യൻ ആയതുകൊണ്ട് തന്നെ ഉത്സവം നിർത്തിവച്ച് ശുദ്ധി കർമ്മങ്ങൾ ചെയ്യുകയും അവരുടെ പേരിൽ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യുകയും ഉണ്ടായി. ഈ കമ്മിറ്റി നിലവിൽ വന്നതിനു ശേഷമാണ് ആ കേസ് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു രാജി ആയത് എന്നു കാര്യം ഈ അവസരത്തിൽ ഓർത്തു പോവുകയാണ്.”

Related Articles

Latest Articles