Wednesday, June 12, 2024
spot_img

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അമിത് ഷാ രംഗത്തെത്തിയത്.

ഫറൂഖ് അബ്ദുള്ളയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുലിന്റെ സഖ്യത്തിലെ പങ്കാളിയാണ് ഫാറൂഖ് എന്നും, അതുകൊണ്ട് തന്നെ രാഹുൽ ഇത്തരം പരാമർശങ്ങളിന്മേലുള്ള വിശദീകരണം നൽകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

‘പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ല. പാകിസ്ഥാന്റെ കൈവശം ആറ്റംബോംബ് ഉണ്ട്, അതുകൊണ്ട് അവർക്ക് ബഹുമാനം നൽകണമെന്നും, പാക് അധീന കശ്മീരിൽ അവകാശം ഉന്നയിക്കരുതെന്നുമാണ് ഫാറൂഖ് പറയുന്നത്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്. 130 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഭാരതം എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങൾ ഉപേക്ഷിക്കേണ്ടത്. എന്ത് തരം ചിന്തയാണത്’ എന്ന് അമിത് ഷാ ചോദിച്ചു.

രാഷ്‌ട്രീയ പങ്കാളികൾ എന്താണ് പറയുന്നത് എന്നതിൽ രാഹുൽ വിശദീകരണം നൽകണം. പാകിസ്ഥാനെ ബഹുമാനിച്ച് പാക് അധീന കശ്മീർ വിട്ട് കൊടുക്കണമെന്നാണെങ്കിൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ബിജെപി അത് ഉറച്ച് വിശ്വസിക്കുന്നു. അത് തീർച്ചയായും തിരികെ ഇന്ത്യയുടേതാക്കിയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles