Tuesday, May 21, 2024
spot_img

കൂടത്തായി കൊലപാതക പരമ്പര: പൊന്നാമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി


കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പൊന്നാമറ്റത്തു നിന്ന് കേസിലെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായാണ് സൂചന.

നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. വീട്ടില്‍ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. 2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടില്‍ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലേക്ക്് കൊണ്ടുപോകും.

ഇതിനിടെ സിലിയുടെ മരണം നടന്ന ആശുപത്രിയിലും പ്രതികളെ കൊണ്ടുപോകുമെന്നും വിവരമുണ്ട്.

കൂടത്തായി കൊലപാതക പരമ്പയില്‍ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് പുതുതായി കോടഞ്ചേരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.

അതേസമയം, കൂടത്തായി കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles