ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ ഒന്‍പത് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ 13 പ്രവിശ്യകളിലായി 440 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് സ്ഥിരീകരണം. ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങളും.
സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്.
വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കൊറോണ വൈറസുകളായിരുന്നു സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായതും.

