Tuesday, May 21, 2024
spot_img

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര് നൽകും; വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്യൂട്ടിക്കിടെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടറോടുള്ള ആദരസൂചകമായാണ് നടപടി.

ആക്രമണങ്ങളിൽനിന്ന് ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്നതിനായി ആശുപത്രി സംരക്ഷണ നിയമം ഭേഗഗതി ചെയ്യുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. അടുത്ത മന്ത്രിസഭാ യോഗം ചേരുമ്പോൾ ഇതു സംബന്ധിച്ച ഓർഡിനൻസ് പരിഗണിക്കും എന്നാണ് റിപ്പോർട്ട്.

ഹൈക്കോടതിയുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താകും ഓർഡിനൻസ് പുറത്തിറക്കുക. ആരോഗ്യ സർവകലാശാലയുടെ അഭിപ്രായവും ആരായാവും. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ ആക്രമണ കേസുകളിൽ അന്വേഷണം പൂർത്തിയാക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേഗഗതി വരുത്തണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാജന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അദ്ദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമണം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചും ആശുപത്രിയിലെ സുരക്ഷയെക്കുറിച്ചുമാണ് ആരോഗ്യവകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്.

Related Articles

Latest Articles