Monday, June 17, 2024
spot_img

പഴകിയ ഭക്ഷണം പിടിച്ചതിന് പഴി മാധ്യമങ്ങൾക്ക്; ഭീഷണി വിലപ്പോവില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍

കോട്ടയം: പഴകിയ ഭക്ഷണം പിടിച്ച വാര്‍ത്ത‍ പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയാൽ വിലപ്പോകില്ലെന്ന് കേരളാ ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍. ഒക്ടോബർ 18 വെള്ളിയാഴ്ച കോട്ടയം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും ആരോഗ്യ വിഭാഗം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഈ വാർത്ത നൽകിയ മാധ്യമത്തിനെതിരെ പഴകിയ ഭക്ഷണം വിളമ്പിയ ഹോട്ടൽ മാനേജ്‌മെന്റ് ഭീഷണിയും ഗുണ്ടായിസവും കാണിക്കുകയാണ്. ഇതിനെതിരെയാണ് ഇപ്പോൾ കേരളാ ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍ രംഗത്തുവന്നത്.

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെ കോട്ടയം നഗരസഭ തന്നെയാണ് വാര്‍ത്ത പ്രസിദ്ധീകരണത്തിനു നല്‍കിയത്. മുന്‍നിര മാധ്യമങ്ങള്‍ എല്ലാവരും വാര്‍ത്ത‍ നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത‍ നല്‍കിയ തേഡ് ഐ ന്യുസ് എന്ന ഓണ്‍ ലൈന്‍ ചാനലിനെതിരെ ഭീഷണിയും ഗുണ്ടായിസവുമായി രംഗത്തുവന്നിരിക്കുകയാണ് വിന്‍സര്‍ കാസില്‍ എന്ന ഹോട്ടൽ മാനേജ്മെന്റ്.

കേസിലൂടെയും ഭീഷണിയിലൂടെയും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്നു വിചാരിച്ചാല്‍ അത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതികരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും കേരളാ ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രകാശ്‌ ഇഞ്ചത്താനം പറഞ്ഞു. തേഡ് ഐ ന്യുസ് ഒറ്റക്കല്ലെന്നും പിന്നില്‍ കേരളത്തിലെ നിരവധി ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഉണ്ടെന്നും ഹോട്ടല്‍ മാനേജ്മെന്റ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് കോട്ടയം നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഉൾപ്പെടെ നഗരസഭ ആരോഗ്യവിഭാഗം റെയ്ഡ് നടത്തിയത്. റെയ്ഡിൽ വേമ്പനാട്ട് റിസോർട്ട്, വിൻസർ കാസിൽ, ന്യൂ ഭാരത്, ഏദൻ ടീ ഷോപ്പ് എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.പഴകിയ ചോറ്, ബീഫ്, കൂട്ട് അച്ചാറ്, ന്യൂഡിൽസ്, എണ്ണ, മോര്, വിവിധ ഭക്ഷണങ്ങൾക്ക് ചേരുവയായി ചേർക്കുന്ന പേസ്റ്റ്, മീൻ തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടുന്നു.

Related Articles

Latest Articles