Monday, June 17, 2024
spot_img

കൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുഞ്ചേരിയുടെ അടവുകളൊന്നും ഫലം കണ്ടില്ല; പാതിരി അകത്തുതന്നെ

ദില്ലി: കൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുഞ്ചേരിയ്ക്ക് ജാമ്യമില്ല. വിവാഹത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരയുടെയും, പ്രതിയുടെയും ഹർജികൾ സുപ്രീംകോടതി തള്ളി. കേസിൽ വിവാഹത്തിനായി ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിവാഹക്കാര്യത്തിൽ പ്രതിയ്‌ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂര്‍ പീഡനക്കേസിൽ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുഞ്ചേരിയും ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമായിരുന്നു ഹർജിയിൽ ഇരുവരും വ്യക്തമാക്കിയത്. എന്നാൽ വിവാഹത്തിനായി ജാമ്യം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.

അതേസമയം രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുഞ്ചേരിയാണ്‌ ഒന്നാം പ്രതി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുഞ്ചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles