Friday, May 17, 2024
spot_img

കോഴിക്കോട് വീട് തകര്‍ന്നു വീണു; കുടുങ്ങി കിടന്ന ഒമ്പത് പേരെയും രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. ഒന്‍പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. തുടർന്ന് വീടിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. കുന്ദമംഗലത്തുനിന്നും മുക്കത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. വെൺമാറ അരുണിന്റെ വീടാണ് തകർന്നത്.

രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്. വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകര്‍ന്നുവീഴുകയായിരുന്നു. അടിയില്‍പ്പെട്ട ഏഴ് പേരെ ആദ്യം രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേര്‍ അതിനുള്ളില്‍ കുടുങ്ങിയിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റി അവരെ പുറത്തെത്തിക്കുകായിരുന്നു. രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്.

അതേസമയം പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കൊൽക്കത്ത സ്വദേശികൾ ആണ് അപകടത്തിൽപെട്ട തൊഴിലാളികളെല്ലാം. അസാർ ഹുസൈൻ, നസീം ഖാൻ, അസതുൽ, ഫിറോസ് ഖാൻ, റജബ്, ജാമിൽ, മുബാറക്ക്, റന എന്നിവരാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ.

Related Articles

Latest Articles