Thursday, January 8, 2026

കോഴിക്കോട് മെഡി. കോളേജിൽ വീണ്ടും പുകയുണ്ടായത് തീ പിടിത്തത്തെ തുടർന്ന് ! ഓപ്പറേഷൻ തിയേറ്ററിലെ കിടക്കകൾ കത്തിനശിച്ചതായി വിവരം

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്ന് പുക ഉയർന്നത് തീപിടിത്തത്തെ തുടർന്നെന്ന് റിപ്പോർട്ട്. കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്നാണ് വീണ്ടും പുക ഉയർന്നത്. ആറാം നിലയിലെ 15-ാം നമ്പർ ഓപ്പറേഷൻ തിയേറ്ററിലെ കിടക്കകൾ കത്തിനശിച്ചതായാണ് വിവരം. നാലാം നിലയിലെ ന്യൂറോ വിഭാഗം രോഗികളെ വീണ്ടും എത്തിച്ചപ്പോഴാണ് വലിയതോതിൽ പുക ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് വീണ്ടും രോഗികളെ മാറ്റിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. യൂറിൻ ബാ​ഗുൾപ്പടെ കൈയ്യിലെടുത്താണ് പല രോ​ഗികളും തീ പിടിത്തത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടതെന്നും ദൃക്സാക്ഷികൾ പറയുന്നു. അഞ്ചാം നിലയിൽ ചില തകരാറുകൾ കണ്ടെത്തിയിരുന്നു എന്നും അത് ഇലക്ട്രിക്കൽ വിഭാ​ഗം പരിശോധിക്കുന്നതിനിടെയാണ് പുകയുണ്ടായതെന്നുമാണ് അധികൃതരുടെ വാദം.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇലക്ട്രിക്കൽ വിഭാഗം രാവിലെ മുതൽ പരിശോധന നടത്തി വരികയാണെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ വാദം തള്ളി രോ​ഗികളും രം​ഗത്തെത്തി. വലിയ പുക മൂലം ശ്വാസം മുട്ടിയെന്നും കൈയ്യിൽ കിട്ടിയതെടുത്ത് ഓടി രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികളായവർ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് അന്ന് പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

Related Articles

Latest Articles