Saturday, May 4, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം: പ്രതി ഷാരൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?

കോഴിക്കോട്: ട്രെയിനിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതി ഷാരൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയാണെന്നാണ് നിഗമനം. കൂടാതെ കണ്ണൂരില്‍ എത്തിയശേഷം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരമുണ്ട്.പ്രതിയുടെ ബാഗില്‍നിന്ന് ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാല്‍ ഭക്ഷണം ആരോ തയാറാക്കിയതാകാമെന്ന് സംശയമുണ്ട്.

ഷാരൂഖ് സെയ്ഫി ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷാരൂഖ് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യുട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നാണ്. ഇതിനിടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുന്നു.

അതേസമയം, കരൾ സംബന്ധമായ അസുഖത്തിന്റെ തുടർ പരിശോധനയ്ക്കായി പ്രതിയെ ഇന്ന് അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. പ്രതി രണ്ടു കോച്ചുകളിൽ തീയിടാൻ ലക്ഷ്യമിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഗിൽ ഒരു കുപ്പി പെട്രോൾ കരുതിയത് ഇതിനാണെന്നും സംഘം വിലയിരുത്തുന്നു. ഡി 1 കോച്ചിൽ തീയിട്ടതിന് ശേഷം ഡി 2 കോച്ചിൽ തീയിടുകയായിരുന്നു ലക്ഷ്യം. എന്നാൽ തീവയ്പ് ഉണ്ടായ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി ഓടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിൽ വച്ച ബാഗ് പുറത്തേക്ക് വീഴുകയും ചെയ്തു.

Related Articles

Latest Articles