കണ്ണൂർ: മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ യാതൊരു കഴമ്പുമില്ലെന്ന് പ്രതികരിച്ച് കെ സുധാകരൻ. കേസിൽ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നാണ് അദ്ദേഹത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ എഫക്റ്റ് ചെയ്യുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടു. അവരുടെ ആ അഭിപ്രായം താന്‍ സ്വീകരിച്ചു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു’- സുധാകരന്‍ പറഞ്ഞു.
അതേസമയം കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞു. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും സി പി എമ്മിന് യാതൊരു പങ്കാളിത്തവും കേസിൽ ഇല്ലെന്നും എ കെ ബാലൻ ന്യായീകരിച്ചു. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയുമെന്നും മുൻമന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.

