സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ല. സംസ്ഥാന വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടിയുടെ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന കേൾക്കാനോ മുഖമൊന്ന് ടി വി യിൽ കാണാനോ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. അങ്ങനെ വലുതായി പുറത്തു കാണാത്ത ഒരു മന്ത്രിയാണ് അദ്ദേഹം. അതെന്തോ ആയിക്കോട്ടെ. മൂന്ന് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് വൈദ്യുത ചാർജ്ജ് വർധിപ്പിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വൈദ്യുത ചാർജ്ജും കേരളത്തിൽ തന്നെയാണ്.
മറ്റ് സംസ്ഥാനങ്ങൾ വിവിധ വിഭാഗങ്ങൾക്ക് നൽകുന്ന സൗജന്യങ്ങളും കേരളത്തിൽ വളരെ കുറവാണ്. ഇത്രയും വർദ്ധനവ് വൈദ്യുതി ചാർജിൽ വരുത്തിയിട്ടും KSEB വലിയ നഷ്ടത്തിലുമാണ്. ജീവനക്കാരുടെ ശമ്പളം അടക്കം പ്രതിസന്ധിയിലാണ് ബോർഡിൻറെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ട് എന്നൊക്കെയാണ് വകുപ്പ് മന്ത്രി പറയുന്നത്.
വർധിച്ചു വരുന്ന ഊർജ്ജ ആവശ്യങ്ങൾക്കിടയിലും സംസ്ഥാനത്തെ ഏക വൈദ്യുതി ഉൽപ്പാദക വിതരണ സ്ഥാപനമായ KSEB നഷ്ടത്തിൽ തുടർന്നാൽ സംസ്ഥാനം സമീപ ഭാവിയിൽ ചെന്ന് പെടാൻ പോകുന്ന ഊർജ്ജ പ്രതിസന്ധി വളരെ വലുതാണ്. കഴിഞ്ഞ ഏഴെട്ട് വർഷമായി രാജ്യം ഊർജ്ജോൽപ്പാദന രംഗത്ത് നേടിയ നേട്ടങ്ങളിൽ കേരളത്തിന് സ്വന്തമായി ഒന്നുമില്ല.
പക്ഷെ രാജ്യം വൈദ്യുതി മിച്ചമായി മാറിയതിന്റെ ഗുണഫലം കേരളത്തിന് ലഭിക്കുന്നുമുണ്ട്. പവർ കട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാതായി എന്നതാണ് ഏറ്റവും വലിയ നേട്ടം. പക്ഷെ കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ ഇവിടെ അവകാശപ്പെട്ടതുപോലെ പിണറായി വിജയൻ കാരണമല്ല ജനം പവർ കട്ടിൽ നിന്നും ലോഡ്ഷെഡിങ്ങിൽ നിന്നും രക്ഷപെട്ടത്. പണ്ടൊക്കെ വേനല്ക്കാലമായാൽ വൈദ്യുത ഉപഭോഗം കുറക്കാൻ പ്രത്യേകിച്ചും രാത്രികാലങ്ങളിലെ ഉപഭോഗം കുറക്കാൻ KSEB ജനങ്ങളോട് അപേക്ഷിക്കാറുണ്ട്. കാരണം ഡാമുകളിൽ വെള്ളമില്ലാത്തപ്പോൾ കേരളത്തിന് കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. അന്ന് കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ വില ഉയരും സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ളത് കിട്ടുകയുമില്ല.
പക്ഷെ ഇന്ന് സ്ഥിതി അതല്ല കുറഞ്ഞ വിലയിൽ ആവശ്യത്തിന് വൈദ്യുതി KSEB ക്ക് കേന്ദ്ര പൂളിൽ നിന്ന് കിട്ടും. ഇതാണ് പവർ കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതാക്കിയത്. കേരളത്തിന് ആവശ്യമുള്ളതിന്റെ 70 ശതമാനം വൈദ്യുതിയും കേന്ദ്ര പൂളിൽ നിന്നാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്നത് 30 % മാത്രം. kSEB യുടെ നഷ്ടമാകട്ടെ ഓരോ വർഷവും വർധിക്കുന്നു. ഊർജ്ജോൽപ്പാദനത്തിൽ 50 ശതമാനമെങ്കിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദീർഘകാല പദ്ധതികൾ കേരളം അടിയന്തിരമായി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. പക്ഷെ ഇവിടെ വർഷാവർഷം ചാർജ്ജ് വർദ്ധനവ് മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ അവതാളത്തിലാണ്. സോളാർ വൈദ്യുതോൽപ്പാദനത്തിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കൽക്കരിക്ഷാമം കേരളത്തിന് ഒരു സൂചനയാണ്. കാർബൺ ന്യൂട്രൽ നയത്തിന്റെ ഭാഗമായി താപ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു കഴിഞ്ഞു. കേരളം ഇന്ന് കൂടുതലായി ആശ്രയിക്കുന്നത് പുറത്തുനിന്നുള്ള താപ വൈദ്യുതിയാണ്. കേന്ദ്രത്തിൽ നിന്ന് വാങ്ങി കേരളത്തിൽ വിതരണം ചെയ്യാനുള്ള ഒരേജൻസി മാത്രമാക്കാതെ സംസ്ഥാനത്തെ വൈദ്യുതോൽപ്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളെ കുറിച്ച് അടിയന്തിരമായി ആലോചിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ കേരളം ഇരുട്ടിലാകും.

