Tuesday, October 6, 2026

കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവം; അമ്പതുപേര്‍ക്ക് എതിരെ കേസ്

തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച സംഭവത്തിൽ അമ്പതുപേര്‍ക്ക് എതിരെ കേസ്. ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റത്.

സംഭവത്തിൽ കണ്ടാലറിയുന്ന അമ്പതുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ബസ് ആണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പോലീസുകാര്‍ അക്രമികളെ കൈകാര്യം ചെയ്യാൻ തയ്യാറായില്ല.

തുടർന്ന് പാപ്പനംകോട് വെച്ചായിരുന്നു സമരക്കാരുടെ പരാക്രമം. ഇവിടെ എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതോളം സമരക്കാർ ചേർന്നാണ് ജീവനക്കാരെ ആക്രമിച്ചത്. ബസ് തടഞ്ഞ ഇവർ സർവ്വീസ് അനുവദിക്കില്ലെന്ന് പറഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിക്കുകയായിരുന്നു. മാത്രമല്ല അക്രമികൾ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു.

Related Articles

Latest Articles