Tuesday, December 23, 2025

കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധന; മെയിലെ വരുമാനം 200.91 കോടി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധന. 200.91 കോടി രൂപയാണ് മെയിലെ വരുമാനം. റൂട്ടുകളില്‍ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെന്ന് കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ എം പി ദിനേശ് ഐപിഎസ് പറഞ്ഞു.വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് 3 മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്ഷ്യം നല്‍കി . അത് പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെ വിവിധ സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

സൂപ്പര്‍ഫാസ്‌റ് സര്‍വീസുകള്‍ ചെയിന്‍ സര്‍വീസുകളായി 15 മിനിട്ട് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും ക്രമീകരിച്ചത് വഴിയും അതില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും വരുമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹായമായി. 176 ചെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

പ്രത്യേകിച്ച്‌ യാതൊരു വിധ സ്‌പെഷ്യല്‍ സര്‍വീസുകളും ഇല്ലാതിരുന്ന ഒരു മാസത്തില്‍ ഇത്രയും വരുമാനം നേടാന്‍ സാധിച്ചത് ജീവനക്കാരുടെ പൂര്‍ണസഹകരണം ഒന്നു കൊണ്ട് മാത്രമാണ് . വടക്കന്‍ മേഖലകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസില്‍ ലഭിക്കുന്നത്. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും കൂടി ആരംഭിക്കുന്നതോടെ വരുമാനത്തില്‍ ഇനിയും വര്‍ദ്ധനയുണ്ടാകുമെന്ന് എം പി ദിനേശ് പറഞ്ഞു.

Related Articles

Latest Articles