Monday, May 20, 2024
spot_img

യാത്രക്കിടെ കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് കത്തിയ സംഭവം ! സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

കായംകുളത്ത് ഇന്ന് രാവിലെ എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപാതയിൽ യാത്രക്കിടെ കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് കത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നീളമേറിയ ബസാണ് 44 യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പുക ഉയരുന്നത് യാത്രക്കാർ ഉടൻ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടൻ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയും ചെയ്തതിനാൽ ദുരന്തം ഒഴിവായി. ഇലക്ടറിക് തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബസ് കരുനാഗപ്പള്ളി നിന്ന് തൊപ്പുംപടിക്കു പോകുകയായിരുന്നു

ആദ്യം കരിഞ്ഞ മണം വന്നുവെന്നും തൊട്ടുപിന്നാലെ പുക ബസിന് അകത്തേക്ക് വന്നതോടെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നുവെന്നും കണ്ടക്ടര്‍ സേതു പറഞ്ഞു. കത്തി നശിച്ച കെഎസ്ആര്‍ടിസി ബസ് കെട്ടിവലിച്ചു മാവേലിക്കര ഡിപ്പോയിലേക്കു മാറ്റി.

രണ്ടു ബസുകള്‍ ചേര്‍ത്തുവെച്ചപോലെയാണ് വെസ്റ്റിബ്യൂള്‍ ബസിന്‍റെ ഘടന.എന്നാല്‍, പിന്നില്‍ കണക്ട് ചെയ്ത ഭാഗത്തിന് കൂടുതല്‍ നീളമില്ല. 17 മീറ്റര്‍ നീളമുള്ള ബസില്‍ 60 സീറ്റുകളാണുള്ളത്. കൂടുതല്‍പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഒരു കംപാർട്ട്മെന്‍റില്‍ നിന്ന് അടുത്തതിലേക്ക് പോകാൻ ഇടനാഴിയും ബസിൽ സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Latest Articles