തിരുവനന്തപുരം: വർഗീയ പ്രചാരണം നടത്തിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആരുടേയും മാസപ്പടി ബുക്കിൽ തന്‍റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജോലി രാജിവെച്ച ശേഷം പൊതുപ്രവർത്തനത്തിനല്ല വർഗീയ പ്രചാരണത്തിനാണ് കുമ്മനം തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വിമർശനത്തിനായിരുന്നു കുമ്മനത്തിന്‍റെ മറുപടി.
നേരത്തെ ഫുഡ് കോർപ്പറഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യം തനിക്കറിയാമെന്നും ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് അല്ല വർഗ്ഗീയ പ്രചാരണത്തിനാണ് കുമ്മനം തുടക്കമിട്ടതെന്നും മാറാട് കലാപം ആളിക്കത്തിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ ആരും മറന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഫേസ്‌ബുക്കിലൂടെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്‍റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുതെന്നും മാറാട് കലാപത്തിന്‍റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്‍റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്‍റെ അമ്മ സമർപ്പിച്ച ഹർജി പിൻവലിപ്പിച്ചതിന് മുസ്ലിംലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ട എന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്.
എന്നാൽ, മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണെന്ന് കുമ്മനം രാജശേഖരൻ ഓർമ്മിപ്പിച്ചു. ആരുടേയും മാസപ്പടി ബുക്കിൽ തന്‍റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. വർഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാൻ. കുമ്മനം പറഞ്ഞു.

