Tuesday, January 13, 2026

എന്റമ്മോ പശുവിന് ഒരു വാഴപ്പഴം കഴിച്ചുകൂടെ? പശു വാഴപ്പഴം തിന്നത് ചോദ്യം ചെയ്ത പറമ്പിന്‍റെ ഉടമയെ പശുവിന്‍റെ ഉടമ വെട്ടി

കൂറ്റനാട് : പശു വീട്ടുവളപ്പിലെ വാഴപ്പഴം കട്ടുതിന്നത് ചോദ്യം ചെയ്ത മധ്യ വയസ്കനെപശു ഉടമ മടവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കൂറ്റനാട് പയ്യടപ്പടി 50 വയസുകാരൻ കൃഷ്ണനാണ് വെട്ടും അടിയും കൊണ്ട് പരിക്കേറ്റത്. വെട്ടേറ്റ കൃഷ്ണൻ ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികിത്സ് തേടിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാലത്ത് പത്തേമുക്കാലോടെയായിരുന്നു സംഭവം നടന്നത്. കൃഷ്ണന്‍റെ വീടിനോട് ചേർന്ന് നിന്നിരുന്ന വാഴപ്പഴം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പശു മതിലിനരികിലൂടെ എത്തി തിന്നുകയായിരുന്നു. പിന്നാലെ വന്നിരുന്ന പശുവിന്‍റെ ഉടമയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പ്രകോപിതനായി കൃഷ്ണനെ വെട്ടുകയായിരുന്നു.

കാലിൽ വെട്ടേറ്റ് വീണ കൃഷ്ണന്‍റെ തലയിലും ഇയാൾ മടവാൾ കൊണ്ട് ആഞ്ഞടിച്ചു. തലക്കും കാലിലും പരിക്കേറ്റ് നിലത്ത് വീണ കൃഷണനെ ചാലിശ്ശേരി സി എച്ച്സിയിൽ ചികിത്സക്ക് വിധേയനാക്കി. ഇതിന് മുൻപും വീട്ടിലെ കാർഷിക വിളകൾ പശു കയറി നശിപ്പിക്കുന്നതായി ഇയാൾ പഞ്ചായത്ത് മെമ്പർക്ക് പരാതി നൽകിയിരുന്നു.

പശു ഉടമയോട് അന്ന് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ മതിൽ കെട്ടി പറമ്പ് സംരക്ഷിക്കാനായിരുന്നു കൃഷ്ണന് ലഭിച്ച മറുപടി. തുടർന്ന് കൃഷ്ണൻ വീടിനരികിൽ ഹോളോബ്രിക്സ് ഉപയോഗിച്ച് മതിൽ കെട്ടിയെങ്കിലും മതിലിനരികിലൂടെ കയറി പശു പഴക്കുലയിൽ നിന്നും പഴം കഴിക്കുകയായിരുന്നു.

Related Articles

Latest Articles