കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്. കുവൈറ്റ് ദുരന്തത്തിൽ 23 മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോകകേരള സഭ ഉപേക്ഷിക്കണമെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും അലങ്കാര ദീപങ്ങൾ ഒഴിവാക്കാൻ മാത്രമാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

