കുവൈറ്റിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ് . മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം തെറ്റായ സാക്ഷിമൊഴി നൽകിയ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും ഒരാളെ ഒളിപ്പിച്ചു വച്ച നാല് പ്രതികൾക്ക് ഓരോ വർഷം തടവുശിക്ഷയും വിധിച്ചു.
കഴിഞ്ഞ കൊല്ലം ജൂൺ 12ന് ആറ് നില കെട്ടിടത്തിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിലാണ് മലയാളികളുൾപ്പെടെ 45 ഇന്ത്യക്കാർ മരിച്ചത്. 3 ഫിലിപ്പിനോ പൗരന്മാരും തീപിടിത്തത്തിൽ മരിച്ചു. 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീപ്പിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസ്സമുണ്ടായാണ് ഭൂരിഭാഗം പേരും മരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ പുറത്തേയ്ക്ക് കടക്കുന്നതിനുള്ള കെട്ടിടത്തിലെ വഴികൾ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായതായി അഗ്നിശമന വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തയിരുന്നു. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരുക്കേറ്റു

