Wednesday, January 7, 2026

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ അഞ്ച് പേരെ ഇനി തിരിച്ചറിയാനുണ്ട്. കേളു പൊന്മലേരി (51), കാസർഗോഡ് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.

പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികളാണ്. ദുരന്തത്തിൽ 49 പേർ മരിച്ചതായാണ് വിവരമെങ്കിലും നിലവിൽ 41 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു.

അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഒപ്പം മുറികളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. മരിച്ചവരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടിയ നിരവധിപ്പേർക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles