പാലക്കാട്: കുഴല്‍മന്ദത്ത് യുവാക്കളുടെ മരണത്തിന് കാരണമായ അപകടം കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയതെന്ന് യാത്രക്കാരന്‍. ബസിലുണ്ടായിരുന്ന സാക്ഷിയുടെ മൊഴിയാണ് ഇപ്പോൾ നിർണായകമായത്.
പാലക്കാടുനിന്നു തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും കെ എസ് ആർ ടി സി ഡ്രൈവർ ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താൻ ബസ് ലോറിയോട് ചേർത്തെടുത്തെന്ന് യാത്രക്കാരൻ പറഞ്ഞു. കൂടാതെ യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതില്‍ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്ന യാത്രക്കാരൻറെ നിർണായക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം മുഖവിലക്ക് എടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ പിതാവ് പോലീസിനോട് ആവശ്യപ്പെട്ടു. കൂടാതെ അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യണം. ഇയാളെ പുറത്താക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകണമെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസര്‍കോട് സ്വദേശി സാബിത്തും മരിച്ചത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് യാത്രക്കാരന്റെ മൊഴി. സംഭവം നടന്ന അടുത്ത ദിവസം കോയമ്പത്തൂർ പോയി. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വെറും അപകടമല്ല നടന്നതെന്ന് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.

