കണ്ണൂർ: എഐസിസി നിർദ്ദേശം തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ പ്രതികരണവുമായി കെ വി തോമസ്. താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു എന്ന് കെ വി തോമസ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും, കോൺഗ്രസിൻ്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു.
അതേസമയം സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. അതിനാൽ ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. മാത്രമല്ല ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ നേരത്തെ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നെന്നും കെ വി തോമസ് പറഞ്ഞു.
പിന്നാലെ പാർട്ടിയിൽ നിന്ന് നടപടി വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാൽ എന്ത് ചെയ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ സുധാകരൻ വിളിച്ചാൽ വീട്ടിലേക്ക് ചെന്നു കാണുമെന്നും കെ വി തോമസ് പറഞ്ഞു.
നേരത്തെ എഐസിസി നിർദ്ദേശം തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ ഉണ്ടായത്.
കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍ക്കുകയായിരുന്നു. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെ വി തോമസിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് കെ സുധാകരന്‍ കത്തയച്ചത്.
കെ വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. അദ്ദേഹത്തിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണം. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി കെ വി തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമത്തിലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.
മാത്രമല്ല രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. ഇതിനൊപ്പം കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോൺഗ്രസ്സിനുള്ളതാണ്. എന്തായാലൂം തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനി പുറത്ത് വരാനുള്ളത്. പാർട്ടിയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റിനിർത്തലും പരിഗണിച്ചേക്കും.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ വി തോമസിന് വൻ സ്വീകരണമാണ് സിപിഎം ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും നേരിട്ടെത്തി കെ വി തോമസിനെ സ്വീകരിച്ചു. തുടർന്ന് നടന്ന പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കൊണ്ടായിരുന്നു കെ വി തോമസിന്റെ പ്രസംഗം. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

