Friday, December 12, 2025

ലഡാക്കിലെ വാഹനാപകടം; മരിച്ച സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു

ലഡാക്ക്: ലഡാക്കിലെ വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാൽ മൃതദേഹം ജന്മനാടുകളിലേക്ക് അയക്കും. ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനുമുണ്ട്. മലപ്പുറം പരപ്പനങ്ങാടി കെപിഎസ് റോഡിലെ ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലാണ് മരിച്ചത്. വാഹനാപകടത്തില്‍ ഏഴ് സൈനികരാണ് മരിച്ചത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ലഡാക്കിലെ തുര്‍ട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയില്‍ മറിയുകയായിരുന്നു. റോഡില്‍ വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തില്‍ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന പറയുകയും ചെയ്തു.

Related Articles

Latest Articles