Friday, May 10, 2024
spot_img

പാർലമെന്റ് ആക്രമണം: മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങും മുമ്പ് മറ്റ് പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി സൂചന; തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പമുള്ള പ്രതിയുടെ ചിത്രം പുറത്ത് വിട്ട് ബിജെപി ബംഗാൾ ഘടകം; രാഷ്ട്രീയ ഗൂഡാലോചനയിലേക്ക് വിരൽചൂണ്ടി ബിജെപി

ദില്ലി: പാർലമെന്റ് ആക്രമണക്കേസിൽ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ലളിത് മോഹൻ ഝാ മറ്റ് പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തിച്ചുകളഞ്ഞതായി സൂചന. ലോകസഭാ ഹാളിലേക്ക് അതിക്രമിച്ച് കടക്കുകയും പുറത്ത് പ്രതിഷേധിക്കുകയും ചെയ്‌ത മറ്റ് പ്രതികളുടെ ഫോണുകൾ കൈവശം വച്ചിരുന്നത് സന്ദർശക ഗാലറിയിൽ നിന്ന് രക്ഷപെട്ട ലളിത് ഝാ ആയിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചിരുന്നതായും പിന്നീട് ദൃശ്യങ്ങൾ മറ്റൊരാൾക്ക് കൈമാറിയത്തിനും ശേഷമാണ് മൊബൈൽ ഫോണുകൾ കത്തിച്ചതെന്നും ഝാ മൊഴിനൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതിക തെളിവുകൾ ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ് അന്വേഷണ സംഘം. എന്നാൽ ഝായുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടുമില്ല.

അതേസമയം പാർലമെന്റ് ആക്രമണം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന ആരോപണം ബിജെപി ഉയർത്തിയിട്ടുണ്ട്. ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയിയോട് ഒപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി ബംഗാൾ അദ്ധ്യക്ഷൻ സുഖന്തോ മജുൻദാർ. ഐ ടി സെൽ മേധാവി അമിത് മാളവ്യ അടക്കമുള്ള ദേശീയ നേതാക്കൾ ഈ ആരോപണം ഏറ്റെടുത്തിട്ടുമുണ്ട്. ഇനി ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ലെന്ന അടിക്കുറിപ്പോടെയാണ്‌ ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

പ്രതികളെ ഇന്ന് പാർലമെന്റിൽ എത്തിച്ച് തെളിവെടുക്കാനും അതിക്രമം പുനരാവിഷ്കരിക്കാനും അന്വേഷണ സംഘം ശ്രമിക്കും. ലളിത് മോഹൻ ഝാ ആക്രമണത്തിൽ പങ്കെടുത്ത മറ്റു പ്രതികളെ എങ്ങനെ തെരെഞ്ഞെടുത്തു എന്നതാകും അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുക. ഇന്നലെയാണ് ലളിത് ഝാ കർത്തവ്യപഥ്‌ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പിന്നീട് ഇയാളെ സ്പെഷ്യൽ സെല്ലിന് കൈമാറുകയായിരുന്നു.

Related Articles

Latest Articles