Wednesday, January 7, 2026

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍

റാഞ്ചി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന്‍റെ വൃക്കകൾക്ക് ഗുരുതര തകരാറ്. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിയുന്ന ലാലുവിന്‍റെ വൃക്കകൾക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ പി കെ. ഝാ അറിയിച്ചു. ഒരാഴ്ചയായി ലാലുവിന്‍റെ ആരോഗ്യനില അസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തത്തിൽ അണുബാധയുണ്ട്. ചെറിയ തടിപ്പ് പോലെ കാണപ്പെട്ടത് പിന്നീട് വലുതായതിനെ തുടർന്ന് നീക്കം ചെയ്തു. അൻപതു ശതമാനം പ്രവർത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോൾ 37 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ആന്‍റിബയോട്ടിക് മരുന്നുകൾ കഴിച്ചതും വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചു. പ്രമേഹം, രക്തസമ്മർദം, വൃക്കയുടെ തകരാറ് എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസിൽ 14 വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2017 ഡിസംബർ 23 മുതൽ ജയിലിലാണ് ലാലു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു വർഷമായി അദ്ദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

Related Articles

Latest Articles