കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളും 1 കർണാക സ്വദേശിയും ഉൾപ്പെടെ 31 പേരുടെ മൃതശരീരങ്ങൾ കൊച്ചിയിൽ ഇറക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മൃതദേഹവും കൊണ്ടുപോകാനായി ഓരോ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ പിന്നീട് ദില്ലിയിലേക്ക് കൊണ്ടു പോകും. സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പെടെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈറ്റ് സർക്കാരും സഹായം നൽകും.
അതേസമയം, കുവൈറ്റ് തീപിടിത്തത്തിൽ ഒരു ഭാരതീയൻ കൂടി മരിച്ചതായി റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചെന്നാണ് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

