രാജ്യം ഏറെ ചർച്ച ചെയ്യുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് യോജിച്ച് കേന്ദ്ര നിയമ കമ്മീഷനും. രാജ്യത്തിനേറെ ഗുണകരമാകുന്ന ഈ പരിഷ്‌കാരം അഞ്ചുവർഷം കൊണ്ട് നടപ്പാക്കണമെന്നും 2024 ൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയാൽ 2029 ൽ പൂർണ്ണമായും നടപ്പിൽ വരുത്താമെന്നുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് വിദഗ്ദ്ധ സമിതിയ്ക്ക് നൽകി. വിഷയത്തെ കുറിച്ച് പഠിക്കുന്ന മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി നിയമ കമ്മീഷനോട് റിപ്പോർട്ട് തേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണ് രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് മാറണം എന്നുള്ളത്. ഈ മാസം 22 ന് അവസാനിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബില്ല് കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിഷയത്തെ കുറിച്ച് പഠിച്ച് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.
ചെലവ് ചുരുക്കൽ അടക്കം ഒട്ടേറെ ഗുണഫലങ്ങളുണ്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ പരിഷ്‌ക്കാരത്തിന് അനുകൂലമല്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്നാണ് അവരുടെ നിലപാട്. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ നിന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പിൻവാങ്ങുകയും ചെയ്തിരുന്നു. ചൗധരിയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു.

