Sunday, May 19, 2024
spot_img

ജോസ് പക്ഷം വന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്, കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം വന്നതു കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കയ്യിലല്ല. ക്രൈസ്തവ വോട്ടുകള്‍ എല്‍.ഡി.എഫിനും കിട്ടും എല്ലാവര്‍ക്കും കിട്ടും. ആര്‍ക്കെങ്കിലും അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലല്ലോയെന്നും കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കേരള കോണ്‍ഗ്രസുമായുള്ളത് നയപരമായ തര്‍ക്കമാണെന്നും അല്ലാതെ കുടുംബതര്‍ക്കം വല്ലതുമുണ്ടോയെന്നും കാനം ആരാഞ്ഞു.  മുന്നണിയില്‍ സി.പി.ഐക്ക് രണ്ടാംസ്ഥാനം നഷ്ടപ്പെടും എന്ന പേടിയാണോ എന്ന ചോദ്യത്തിന് പത്തൊമ്പതും രണ്ടും തമ്മില്‍ എത്രയാ വ്യത്യാസം എന്നായിരുന്നു കാനത്തിന്റെ മറുപടി.

ഞങ്ങള്‍(സി.പി.ഐ.)ക്ക് 19 എം.എല്‍.എ.മാരുണ്ട്. ജോസിന് രണ്ട് എം.എല്‍.എ.മാരുണ്ട്. എങ്ങനെയാണ് സി.പി.ഐ.ക്ക് രണ്ടാം സ്ഥാനം നഷ്ടമാവുകയെന്നും അദ്ദേഹം ആരാഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് സി.പി.ഐ. നേരത്തെ സ്വീകരിച്ച നിലപാട് മാറ്റേണ്ട യാതൊരു ഭൗതികസാഹചര്യവും ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി.

യു.ഡി.എഫ്. ദുര്‍ബലമായാല്‍ അതിന്റെ ഗുണം എല്‍.ഡി.എഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫ് ദുര്‍ബലമായാല്‍ കോട്ടയത്തെ ഏഴു സീറ്റുകളിലും എല്‍.ഡി.എഫ്. വിജയിക്കും. പാലായില്‍ മാണി സി. കാപ്പന്‍ വിജയിച്ചത് എല്‍.ഡി.എഫ്. ഒരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണ്. കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു.

Related Articles

Latest Articles