കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂജ്യം വോട്ട് ലഭിച്ച് നാണം കെട്ട തോല്‍വിയുമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സ്വർണ്ണക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ വിജയിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ട് പോലും ലഭിച്ചില്ല. സ്ഥാനാർത്ഥിക്ക് വാർഡിൽ വോട്ടില്ലായിരുന്നു. ബിജെപിക്ക് 50 വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ തോൽവി. അതേസമയം ഫൈസലിന്റെ അപരന് ലഭിച്ചത് ഏഴ് വോട്ടാണ്.
ഫൈസലിനെ ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാല്‍ പ്രത്യക്ഷമായി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെങ്കിലും എല്‍ഡിഎഫ് വോട്ടുകള്‍ ഫൈസലിന്റെ പെട്ടിയില്‍ വീണുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണെന്നും എല്‍ഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും മറ്റ് മുന്നണികൾ ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.

