തിരുവനന്തപുരം: മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസിൻ്റെ ഭാഗമായി “ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും”, “സർവ്വ രംഗങ്ങളിലുമുള്ള പുരോഗതി” എന്നീ വിഷയങ്ങളിൽ സർഗാത്മക ചർച്ച ലക്ഷ്യമിട്ട് നടക്കുന്ന ‘ഹിന്ദു ഓർഗനൈസേഷൻ കോൺഫറൻസിൽ’ ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി ഈ മാസം 24 ന് പ്രഭാഷണം നടത്തും. 25-ന് നടക്കുന്ന ‘ഹിന്ദു വിമൻ കോൺഫറൻസിൽ ‘ ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരികയും ചീഫ് കോഴ്സ് കോർഡിനേറ്ററുമായ ഒ.ശ്രുതി ജിയും സംസാരിക്കും. നവംബർ 23 മുതൽ 26 വരെ ഇംപാക്ട് കൺവെൻഷനിൽ നടക്കുന്ന സമ്മേളനത്തിൽ ആർഷവിദ്യാസമാജം പി – ആർ ചീഫ് കോർഡിനേറ്റർ ശാന്തികൃഷ്ണയും, ഐടി -സോഷ്യൽ മീഡിയ ചീഫ് സെക്രട്ടറി വിശാലി ഷെട്ടിയും പങ്കെടുക്കും.

തായ്‌ലൻഡിലെ ബാങ്കോക്കിൽ വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ഈ മാസം 24 മുതൽ 26 വരെയാണ് മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘടിപ്പിക്കുന്നത് . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മാതാ അമൃതാനന്ദമയി ദേവി, ആർഎസ്എസ് സർസംഘ് ചാലക് ഡോ.മോഹൻജി ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാലേ, സ്വാമി പൂർണാത്മാനന്ദ മഹാരാജ് ബോധിനാഥ വൈല്യൻ സ്വാമി ,സ്വാമി ഗോവിന്ദ് ദേവ്ഗിരി മഹാരാജ്, അണ്ണാമലൈ,ഡേവിഡ് ഫ്രൗളി, വിക്രം സമ്പത്ത്,വിവേക് അഗ്നിഹോത്രി, സുദിപ്തോ സെൻ, തുടങ്ങി എൺപതിലേറെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും
അറുപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വേൾഡ് ഹിന്ദു കോൺഗ്രസിൻ്റെ ആദ്യ സമ്മേളനം 2014-ൽ ദില്ലിയിലും രണ്ടാം സമ്മേളനം 2018-ൽ ചിക്കാഗോയിലുമാണ് സംഘടിപ്പിച്ചത്

