Sunday, October 11, 2026

പാതിവില തട്ടിപ്പ്: എം പി മാരും എം എൽ എ മാരും ലക്ഷങ്ങൾ വാങ്ങിയതായി സൂചന; പാർട്ടി ജില്ലാ സെക്രട്ടറിയും 25 ലക്ഷം വാങ്ങി; പ്രതി അനന്തു കൃഷ്‌ണന്റെ ഐ പാഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; ഉന്നതരുടെ പേരുകൾ പുറത്തു പോകരുതെന്ന് പൊലീസിന് നിർദ്ദേശം!

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാൻ ശേഷിയുള്ള വിവാദമായി പാതിവില തട്ടിപ്പ് മാറുന്നു. പ്രതി അനന്തു കൃഷ്‌ണൻ ജനപ്രതിനിധികൾക്കും ലക്ഷങ്ങൾ നൽകിയതായി സൂചന. ചില എം എൽ എ മാരും രണ്ട് എംപി മാരുടെ പേർസണൽ സ്റ്റാഫും പണം കൈപ്പറ്റിയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എം പി മാർ വിളിച്ചു സംസാരിച്ചത് അനുസരിച്ച് പേഴ്‌സണൽ സ്റ്റാഫുകൾക്ക് 45 ലക്ഷം വീതമാണ് നൽകിയിരിക്കുന്നത്. എം എൽ എ ഓഫീസുകളിൽ പണവും സമ്മാനപ്പൊതികളും എത്തിച്ചു.

ഒന്നാം പ്രതി അനന്തു കൃഷ്‌ണന്റെ ഐ പാഡിൽ പണമിടപാട് സംബന്ധിക്കുന്ന വിശദമായ വിവരങ്ങളുണ്ട്. ഈ തെളിവുകളാണ് പോലീസ് പരിശോധിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളിൽ നിന്നുമുള്ള നേതാക്കളും ജനപ്രതിനിധികളും കുടുങ്ങുമെന്നാണ് വിവരം.ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും 25 ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവുകളുണ്ട്. ഐ പാഡിലുള്ള ഉന്നതരുടെ പേര് വിവരങ്ങൾ പുറത്തു വിടരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം.

തട്ടിപ്പിനിരയായവരുടെ ആയിരക്കണക്കിന് പരാതികൾ പൊലീസിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂർ ജില്ലയിൽ മാത്രം പരാതികളുടെ എണ്ണം 2800 കഴിഞ്ഞു. ചില അക്ഷയ കേന്ദ്രങ്ങളുടെ ഉടമകളും പ്രതികളായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ പ്രചാരണത്തിലൂടെയാണ് തട്ടിപ്പ് സംഘം സമൂഹത്തിന്റെ വിശ്വാസ്യത നേടിയത്. ഒന്നാം പ്രതി അനന്തുകൃഷ്‌ണനുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുന്നു

Related Articles

Latest Articles